അതിരമ്പുഴ: നാടാകെ മാലിന്യം നിറഞ്ഞ് ദുർഗന്ധം വമിക്കുന്നു. നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ലെന്നു പരാതി. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ ശുചീകരണ പ്രവർത്തനങ്ങളാണ് പരിസര മലിനീകരണത്തിന്റെ ഭീകരമുഖം വെളിപ്പെട്ടത്.
അതിരമ്പുഴ പള്ളി - മാറാമ്പ് റോഡിന്റെ വശങ്ങളിൽ ഉപയോഗിച്ച ഡയപ്പറുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് തള്ളിയിരുന്നത്. റോഡിന്റെ ഇരുവശവും കാടുകയറിയ നിലയിലായിരുന്നു. ഇവിടേക്ക് പുറത്തുനിന്ന് വാഹനങ്ങളിൽ എത്തിച്ച് മാലിന്യങ്ങൾ തള്ളിയിരുന്നു.
നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്ന റോഡാണിത്. രൂക്ഷമായ ദുർഗന്ധം ഉയർന്നതിനെത്തുടർന്ന് നാട്ടുകാർ പലതവണ പരാതിപ്പെട്ടിട്ടും കാടു തെളിക്കാനോ മാലിന്യം നീക്കം ചെയ്യാനോ പഞ്ചായത്ത് അധികൃതർ തയാറായില്ലെന്ന് നാട്ടുകാർ പറയുന്നു. തുടർന്ന് നാട്ടുകാർ നവോദയ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ജെസിബിയുടെ സഹായത്തോടെ ഒരു ദിവസം നീണ്ട അധ്വാനത്തിലാണ് ശുചീകരണം പൂർത്തിയാക്കാനായത്.
മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി ഇലത്തി, ജോസ് സി. ചക്കാലയ്ക്കൽ, മനോജ് സെബാസ്റ്റ്യൻ, നവോദയ ക്ലബ്ബ് പ്രസിഡന്റ് ആൻസൺ ആൻഡ്രൂസ്, ജിക്കു മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.
ഏഴാം വാർഡ് മെംബർ മാത്യു തേക്കുനിൽക്കുംപറമ്പിലിന്റെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങളും ഹരിതകർമ സേനാംഗങ്ങളും നടത്തിയ ശുചീകരണത്തിൽ ഏറ്റുമാനൂർ - അതിരമ്പുഴ റോഡിൽ കോടതിപ്പടി മുതൽ മനയ്ക്കപ്പാടം വരെയുള്ള ഭാഗത്തുനിന്നു മാത്രം 12 ചാക്ക് മാലിന്യങ്ങളാണ് ശേഖരിച്ചത്. പ്ലാസ്റ്റിക് കൂടുകൾ, കുപ്പികൾ, ചില്ലുകുപ്പികൾ, ചെരിപ്പുകൾ തുടങ്ങിയ മാലിന്യങ്ങൾ വലിയ തോതിൽ റോഡരികിൽ തള്ളിയിരുന്നു.
കാടുകയറി പഞ്ചായത്ത് മാർക്കറ്റ്
പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പച്ചക്കറി മാർക്കറ്റ് കാടുകയറിയ നിലയിൽ. മാർക്കറ്റിന്റെ ഗേറ്റും ചുറ്റുമതിലും മർക്കറ്റ് വളപ്പിന്റെ പകുതിയോളം സ്ഥലവും കാടുകയറിയ നിലയിലാണ്.